മയ്യഴി പുഴയുടെ തീരങ്ങളിൽ


ആരാണ് സ്വതന്ത്രൻ? എന്താണ് സ്വാതന്ത്ര്യം? നാട് നമ്മുക്ക് തരുന്ന ഒരു വാഗ്ദാനം ആണോ അത്? അതോ നമ്മൾ നമ്മുക്കായി നേടി എടുക്കുന്നതാണോ? ആരുടേയും സഹായം ഇല്ലാതെ ഒരു കുതിരവണ്ടി പിടിച്ചു സിനിമ കാണാൻ പോകാൻ പറ്റിയാൽ, അതാണ് കുറമ്പിയമ്മയ്ക്ക് സ്വാതന്ത്ര്യം. നാട് ആര് ഭരിക്കുന്നു? അവരുടെ നിറം എന്ത്? അവരുടെ കൂറ് എവിടെ? ഇതൊന്നും അവരെ ബാധിക്കുന്നില്ല. എന്നാൽ എല്ലാവരും അങ്ങനെ അല്ലല്ലോ. ദാസനെ പോലെ പഠിപ്പും അറിവും ഉള്ള മയ്യഴിയുടെ യുവ തലമുറയ്ക്ക് നാടിന്റെ സ്വാതന്ത്ര്യമാണ് മുഖ്യം. അതിനു വേണ്ടി സ്വന്തം സ്വാതന്ത്ര്യങ്ങൾ അവർ വേണ്ടെന്നു വെക്കാൻ തയ്യാറാണ്.

ഇതുപോലെയുള്ള വിപരീത ആശയങ്ങളാണ് മയ്യഴി മുഴുവൻ. ഒറ്റനോട്ടത്തിൽ ഇത് മയ്യഴിയുടെ സ്വാതന്ത്ര്യ സമരത്തിന്റെ കഥയാണെന്ന് തോന്നിപ്പോകും. എന്നാൽ ഈ കഥ യഥാർത്ഥത്തിൽ മയ്യഴിയുടെ മക്കളെ പറ്റിയാണ്. അവരുടെ നാട് വലിയ മാറ്റങ്ങളിലൂടെ പോകുന്നു. അവരുടെ നാട്ടുനടപ്പ്, ഭാഷ, സംസ്കാരം, ഭരണാധികാരികൾ എല്ലാം മാറുന്നു. എന്നാൽ മാറ്റങ്ങളുടെ ഒപ്പം ചേർന്നു പോകാൻ എല്ലാവർക്കും പറ്റുന്നില്ല. ദാസനെ പോലെ മാറ്റങ്ങൾക്കു നിമിത്തം ആയവർ പോലും കഷ്ടപ്പെടുന്നു. യുദ്ധം ജയിച്ചിട്ടും എതിരാളികൾ ബാക്കി ഇല്ലാഞ്ഞിട്ടും അവൻ പൊരുതിക്കൊണ്ടിരിക്കുന്നു. അതേ സമയം വാസൂട്ടിയെ പോലെ വേറെ ചില പോരാളികൾ യുദ്ധം കഴിഞ്ഞത് മനസ്സിലാക്കി അവരുടെ ജീവിതവുമായി മുന്നോട്ട് പോകുന്നു.

മയ്യഴി പുഴയുടെ തീരങ്ങളിൽ ഒഴുകി വരുന്ന കഥകൾ ഓരോന്നും പ്രത്യേകതകൾ നിറഞ്ഞതായിരുന്നു. മലയാളത്തിൽ ഞാൻ ഇതുവരെ ഏറ്റവും താല്പര്യത്തോടെ വായിച്ച കഥ ഇതായിരിക്കും.